തിരുവങ്ങൂർ ശ്രീനരസിംഹ-പാർത്ഥസാരഥീക്ഷേത്രം കോഴിക്കോട്നഗരത്തിൽ നിന്നും 18 കിലോമീറ്റർ വടക്ക് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ദേശീയപാതയോരത്ത് (NH66) സ്ഥിതിചെയ്യുന്നു. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് സ്വർണപ്രശ്നവിധികളിൽ കണ്ടെത്തിയ ക്ഷേത്രത്തിലെ പ്രധാനദേവന്മാർ ശ്രീനരസിംഹവും ശ്രീപാർത്ഥസാരഥിയുമാണ്. ഈ ക്ഷേത്രസമുച്ചയത്തിന്റെ ഊരായ്മ തൊടുവയൽ തറവാട്ടിലെ നമ്പിമാർക്കവകാശപ്പെട്ടതാണ്. ക്ഷേത്രവുമായിബന്ധപ്പെട്ട 150-ഓളം വരുന്ന പൊതുസമിതിഅംഗങ്ങൾ, തങ്ങളുടെ ഇടയിൽനിന്നും തെരഞ്ഞെടുത്ത 21 അംഗ ഭരണസമിതിയാണ് ഇപ്പോൾ ക്ഷേത്രത്തിലെ ദൈനംദിനകാര്യങ്ങൾ നടത്തിവരുന്നത്. ചരിത്രപ്രസിദ്ധമായ കാപ്പാട്, തിരുവങ്ങൂർ ക്ഷേത്രത്തിൽ നിന്നും 2.5 കി.മീ പടിഞ്ഞാറ് മാറിയാണ് സ്ഥിതിചെയ്യുന്നത്. ദക്ഷിണകാശി എന്നറിയപ്പെടുന്ന കാഞ്ഞിലശ്ശേരി മഹാദേവക്ഷേത്രവും പൊയിൽക്കാവ് വനദുർഗ്ഗാക്ഷേത്രവും ഈ ക്ഷേത്രത്തിന്റെ 3 കി.മീ ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു.