ആരാധനാമൂർത്തികൾ

ശ്രീനരസിംഹം
പ്രധാനമൂർത്തികളിലൊന്നായ മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ ശ്രീനരസിംഹമൂർത്തിയുടെ ഈ ക്ഷേത്രത്തിലെ ഭാവം ഹിരണ്യകശിപു വധത്തിനുശേഷം പ്രഹ്ളാദനെ ആശ്ലേഷിക്കുന്ന സൗമ്യഭാവത്തിലുള്ളതാണ്. നരസിംഹക്ഷേത്രത്തിലെത്തിത്തൊഴുന്ന ഭക്തജനങ്ങൾ നരസിംഹരൂപിയായ വിഷ്ണുവിനെയും മഹാലക്ഷ്മിയെയും പ്രഹ്ളാദനെയും ഒന്നിച്ചു വേണം സ്മരിക്കാൻ. ഇവിടത്തെ നരസിംഹഭാവത്തിന് ബാലലീലകളോടാണ് ഏറെ പ്രിയമെന്നതിനാൽ കുട്ടികളുടെ നാമജപം, ഭജന, നൃത്തസംഗീതാദി കലാപ്രകടനങ്ങളെല്ലാം ദേവനെ പ്രീതിപ്പെടുത്താൻ വർഷങ്ങളായി ചെയ്തുവരുന്നു. ഇവിടത്തെ ക്ഷേത്രപരിസരത്തുവെച്ച് കുട്ടികളെ അവർ എത്ര വികൃതി കാണിച്ചാൽ പോലും ആരും വഴക്ക് പറയുകയോ ശിക്ഷിക്കുകയോ ചെയ്യാറില്ല. കേരളീയക്ഷേത്രനിർമ്മാണരീതിയിലെ ചതുരശ്രീകോവിലിൽ പടിഞ്ഞാറോട്ടുനോക്കിയാണ് ശ്രീനരസിംഹമൂർത്തി ഇവിടെ കുടികൊള്ളുന്നത്. തടിയിലുംഓടിലും തീർത്ത മേല്ക്കൂരയാണ് ഇപ്പോൾ ശ്രീകോവിലിനുള്ളത്. ശ്രീകോവിലിന് മുന്നിൽ തിടപ്പള്ളിയും ചുറ്റമ്പലവും ബലിക്കൽപുരയും ധ്വജവും നിലകൊള്ളുന്നു. ശ്രീനരസിംഹമൂർത്തിക്ക് പ്രധാനവും പ്രിയവുമായ നിവേദ്യം തണുത്തപാനകമാണ്. പാനകം പോലെതന്നെ പ്രാധാന്യമുള്ളതാണ് നെയ്വിളക്കും.

ശ്രീപാർത്ഥസാരഥി
രണ്ടു മൂർത്തികൾക്കും തുല്യ പ്രാധാന്യമുള്ള തിരുവങ്ങൂർ ശ്രീനരസിംഹപാർത്ഥസാരഥീക്ഷേത്രത്തിലെ പാർത്ഥസാരഥീരൂപം ചമ്മട്ടിയേന്തി നിൽക്കുന്ന ശ്രീകൃഷ്ണഭാവമാണ്. നരസിംഹക്ഷേത്രത്തിലേതുപോലെത്തന്നെ കേരളീയക്ഷേത്രനിർമ്മാണരീതിയിൽ പൂർത്തിയായ പാർത്ഥസാരഥീക്ഷേത്രം വലിപ്പത്തിൽ ചെറുതും കിഴക്കോട്ട് ദർശനം നൽകുന്നതുമാണ്.
ഉപദേവതമാർ

ശ്രീഗണപതി
ഗണങ്ങളുടെയധിപനായ ഗണപതിയെ കേരളത്തിലെമിക്ക ക്ഷേത്രങ്ങളിലേയും പോലെ ഈക്ഷേത്രത്തിലും ഉപദേവനായി പ്രതിഷ്ഠിച്ചിട്ടുണ്ട്. രണ്ട് ക്ഷേത്രങ്ങളിലും തെക്ക്ഭാഗത്തായി ഗണപതിനിലകൊള്ളുന്നു. ഉപദേവനായ ഗണപതിക്കായി ഗണപതിഹോമവും ഗണേശപൂജയും ചെയ്തുവരുന്നു.

ശ്രീശാസ്താവ്
ക്ഷേത്രത്തിലെ മറ്റൊരുപദേവനാണ് ശ്രീശാസ്താവ്. ശ്രീനരസിംഹക്ഷേത്രത്തിലെ ശ്രീകോവിലിനടുത്ത് മറ്റൊരു ഗർഭഗൃഹത്തിൽ ഗണപതിയോടൊപ്പം ശ്രീശാസ്താവ് ഇവിടെ കുടികൊള്ളുന്നു. മണ്ഡലകാലത്ത് ശബരിമലദർശനത്തിനായിപോകുന്ന അയ്യപ്പസ്വാമിമാർ ഇവിടെവന്ന് വിശിഷ്യാപ്രാർത്ഥിക്കാറുണ്ട്.

ശ്രീദുർഗ്ഗ
ത്രിഗുണാത്മികയായദേവിയായി ശ്രീദുർഗ്ഗയാണ് ഈ ക്ഷേത്രത്തിലെ മറ്റൊരുപദേവത. ശ്രീനരസിംഹക്ഷേത്രത്തിലെ ശ്രീകോവിലിന് തെക്ക്കിഴക്കായാണ് ദേവിയെ പ്രതിഷ്ഠിച്ചിട്ടുള്ളത്.